സംസ്ഥാന നാടകോത്സവം നാളെ തുടങ്ങും: ഇക്കുറി നാലുനാടകങ്ങള്‍


നീലേശ്വരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ നീലേശ്വരം കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന അഖിലകേരള നാടകോത്സവം നാളെ തുടങ്ങും.
കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രസമീപം തയ്യാറാക്കിയ അബ്ദുല്‍ റസാഖ് നഗറിലാണ് നാടകോല്‍സവമെന്നു സംഘാടക സമിതി ചെയര്‍മാന്‍ മാട്ടുമ്മല്‍ കൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ എം.പി.ചന്ദ്രന്‍, കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം പ്രസിഡന്റ് വി.വി.പദ്മനാഭന്‍ , സെക്രട്ടറി രാജേഷ് പാലക്കീല്‍, എം.വി.ഭരതന്‍, നാരായണന്‍ കണിച്ചിറ, കെ.വി.വിശ്വംഭരന്‍, ഒ.വി.രമേഷ്, ഇ.രാമകൃഷ്ണന്‍, കെ.വി.ദാമോദരന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 5 നാടകോല്‍സവങ്ങളിലായി 120പേര്‍ക്ക് ചികില്‍സാ സഹായം നല്‍കി. ഇത്തവണ 10 പേര്‍ക്കുകൂടി സഹായം നല്‍കും.
നാളെ വൈകീട്ട് ആറരയ്ക്ക് എം.രാജഗോപാലന്‍ എംഎല്‍എ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ഏഴരയ്ക്ക് തിരുവനന്തപുരം സോപാനത്തിന്റെ നാടകം 'യാത്രകള്‍ തീരുന്നിടത്ത്' വേദിയിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രി ഏഴരയ്ക്ക് മാണിയാട്ട് ലേബേഴ്‌സിന്റെ കരിങ്കുട്ടി, ചേര്‍ത്തല ജൂബിലിയുടെ അലാറം, കൊച്ചിന്‍ ചന്ദ്രകാന്തത്തിന്റെ അന്നം എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും. 22 ന് ആറരയ്ക്ക് കാഞ്ഞങ്ങാട് സബ് കലക്ടര്‍ അരുണ്‍ വിജയന്‍ ചികിത്സാ സഹായം വിതരണം ചെയ്യും. കാസര്‍കോട് സബ് കലക്ടര്‍ കെ.രമേന്ദ്രന്‍ മുഖ്യാതിഥിയാകും. 24 ന് വൈകിട്ട് ആറരയ്ക്ക് സമാപന സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ടി.വി.ഭാസ്‌കരന്‍ അധ്യക്ഷത വഹിക്കും.

Post a Comment

0 Comments