നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍


കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. സംഘടന പ്രസിഡന്റ് എം.രഞ്ജിത്താണ് ഇക്കാര്യത്തിലുള്ള നിര്‍മ്മാതാക്കളുടെ നിലപാട് അറിയിച്ചത്. മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളായ വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കാതെ പുതിയ സിനിമകളുമായി സഹകരിക്കില്ല. ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ലെന്നും വിഷയത്തില്‍ താരസംഘടനയായ അമ്മ ഉറപ്പ് നല്‍കണമെന്നും എം.രഞ്ജിത്ത് പറഞ്ഞു. ഞങ്ങളുടേത് ഉറച്ച നിലപാടാണെന്നും അമ്മ സംഘടനയ്ക്ക് ഷെയ്ന്‍ പറയുന്ന വാക്കില്‍ വിശ്വാസം വേണമെന്നും സംഘടന വ്യക്തമാക്കി.
എന്നാല്‍, ഷെയ്ന്‍ നിഗമിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടേയും നിലപാട് അറിഞ്ഞശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നായിരുന്നു ഫെഫ്കയിലെ ധാരണ.
അതേസമയം, ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച തുടര്‍നടപടികള്‍ തീരുമാനിക്കാനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ഉപേക്ഷിച്ച സിനിമകള്‍ക്ക് ചെലവായ ഏഴ് കോടി രൂപ തിരകെ വാങ്ങാനുള്ള നിയമനടപടികളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഷെയ്‌നിനെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയ്ന്‍ നിഗം വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന.

Post a Comment

0 Comments