വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ഭയം- സെബാസ്റ്റ്യന്‍ പോള്‍


കാസര്‍കോട്: സംഭവങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ഭയക്കുകയാണെന്ന് മാധ്യമ നിരീക്ഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.സെബാസ്റ്റ്യന്‍പോള്‍.
ജാമിയ സ ആദിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് കാസര്‍കോട് പ്രസ് ക്ലബുമായി ചേര്‍ന്ന് നടത്തിയ മീഡിയ സെമിനാര്‍ ദേളി സ ആദിയ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യ സ്വതന്ത്രമായതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1952ല്‍ പ്രതിപക്ഷം എന്നരീതിയില്‍ ഒരു ചെറിയഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഇന്നും പ്രതിപക്ഷം ചെറിയ ഗ്രൂപ്പാണ്. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രതിപക്ഷ നേതാവിന്റെ എല്ലാ അധികാരങ്ങളും അന്ന് ഏ കെ ജിക്ക് നല്‍കി. മാത്രവുമല്ല അന്ന് ശക്തമായ നിലപാടുകളുള്ള അച്ചടി മാധ്യമങ്ങളും പത്രാധിപന്മാരും ഉണ്ടായിരുന്നു.എന്നാലിന്ന് ഒരു പത്രത്തിന്റെ പത്രാധിപന്മാര്‍ ആരെന്ന് പോലും അറിയാത്ത അവസ്ഥയാണുള്ളത്. പഴയ പത്രാധിപന്മാര്‍ ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ഇഷ്ടങ്ങള്‍ ശക്തമായ നിലപാടുകളായി അവതരിപ്പിച്ചപ്പോള്‍ ഇന്ന് പത്രങ്ങള്‍ക്ക് നിലപാടുകളേയില്ല. അടിയന്തരാവസ്ഥക്ക് തുല്ല്യമായ കാലഘട്ടത്തിലൂടെയാണ് ഇന്ന് മാധ്യമലോകം കടന്ന് പോയി കൊണ്ടിരിക്കുന്നത്. സത്യം പറയുക എന്നതാണ് മാധ്യമ ധര്‍മ്മം എന്നാല്‍ ഇയര്‍ ബുക്കു പോലെയും അന്വേഷണ റിപ്പോര്‍ട്ടു പോലെയും മാധ്യമ പ്രവര്‍ത്തകന് വാര്‍ത്തകളെഴുതാനാകില്ല.കാലത്തിനെതിരെയുള്ള ഒരു ഓട്ടമാണ് മാധ്യമപ്രവര്‍ത്തകന്റേത്. എവിടെയോ ഇരുന്ന് മഴക്കാറുകള്‍ നിറഞ്ഞ മാനത്ത് നിന്ന് നിലാവ് കാണുമ്പോലെയാണ് മാധ്യമപ്രവര്‍ത്തകന്റെ പ്രവൃത്തി. 14 ദിവസം കഴിഞ്ഞാല്‍ ചന്ദ്രന്‍ വികസിച്ച് വികസിച്ച് പൂര്‍ണ്ണചന്ദ്രന്‍ ആകുന്നതുപോലെ മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്തകള്‍ സത്യത്തില്‍ നിന്ന് കൂടുതല്‍ സത്യത്തിലേക്ക് വികസിപ്പിച്ച് ലോകത്തെ അറിയിക്കുന്നു. എന്നാല്‍ ഇന്ന് പരസ്യക്കാരന്റെ താല്‍പ്പര്യമനുസരിച്ചാണ് മാധ്യമപ്രവര്‍ത്തനം. അക്ഷരവും അതിലെ ചൈതന്യവും തിരിച്ചറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. അദേഹം പറഞ്ഞു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ അധ്യക്ഷത വഹിച്ചു. തെറ്റായ പ്രവണതകള്‍ ചെറുക്കാന്‍ മാധ്യമലോകം സദാ ജാഗ്രത കാണിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു. സിറാജ് കോഴിക്കോട് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി അറയ്ക്കല്‍, അബ്ദുള്‍ റഷീദ് മാണിയൂര്‍, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, പ്രസ് ക്ലബ് സെക്രട്ടറി പത്മേഷ്, സാഹിത്യവേദി പ്രസഡന്റ് അഷ്‌റഫ് അലി ചേരങ്കൈ, സാഹിത്യ അക്കാദമി അംഗം വിവി പ്രഭാകരന്‍, പള്ളങ്കോട് അബ്ദുള്‍ ഖാദിര്‍ മദനി,കെ എം മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സെബാസ്റ്റ്യന്‍ പോളിനുള്ള ഉപഹാരം എം എ മുഹമ്മദ് വഹാബ് നല്‍കി. മുഹമ്മദ് സഖാഫി തൃക്കരിപ്പൂര്‍ സ ആദിയയെക്കുറിച്ച് ആമുഖ ഭാഷണം നടത്തി. സി എല്‍ ഹമീദ് സ്വാഗതവും മുജീബ് കളനാട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments