കാഞ്ഞങ്ങാട്: ജനാധിപത്യ സംവിധാനങ്ങളുടെ അടിത്തറ ഭദ്രമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് എം.രാജഗോപാല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
ജന്മദേശത്തിന്റെ 36-ാം വാര്‍ഷികാഘോഷം കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് പ്രതിസന്ധിയുടെ പ്രധാനകാരണം. പ്രതിസന്ധികളെ അതിജീവിക്കുന്നതോടെ കൂടുതല്‍ കരുത്ത് ആര്‍ജിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 36 വര്‍ഷം ഒരു പത്രത്തെ നയിക്കുന്നത് നിസാരകാര്യമായി കാണാന്‍ കഴിയില്ല. വടക്കന്‍ കേരളം ചെറുകിട പത്രങ്ങള്‍ക്ക് കൂടുതല്‍ വേരോട്ടമുള്ള പ്രദേശങ്ങളാണ്. കൊച്ചുജില്ലയായ കാസര്‍കോടുനിന്നും അരഡസനോളം പത്രങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. ഇതില്‍തന്നെ മിക്കവയും രണ്ട് പതിറ്റാണ്ടിലധികം കാലമായി മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നവയാണ്. എല്ലാവരേയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡണ്ട് ഇ.വി.ജയകൃഷ്ണന് അധ്യക്ഷം വഹിച്ചു. പത്രങ്ങളും പത്രപ്രവര്‍ത്തകരും പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇ.വി.ജയകൃഷ്ണന് പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.പി.കെ.ജയശ്രീ മുഖ്യാതിഥിയായിരുന്നു. പ്രഭാതപത്രങ്ങളും ദൃശ്യമാധ്യമങ്ങളും പോലെതന്നെ സായാഹ്ന പത്രങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സായാഹ്ന പത്രങ്ങള്‍ വളരെ വിശ്വസ്തതയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. ജന്മദേശം പത്രത്തിന്റെ പ്രയാണത്തില്‍ അത്ഭുതം തോന്നുന്നുവെന്നും ഡോ.ജയശ്രീ പറഞ്ഞു.
വാര്‍ഷികാഘോഷ സപ്ലിമെന്റ് ചലച്ചിത്ര നടന് മനൂപ് ജനാര്ദ്ദനന് കാസര്‍കോട് സിനിമാസ് അസോസിയേഷന് സെക്രട്ടറി രഞ്ജിരാജ് കരിന്തളത്തിന് നല്കി പ്രകാശനം ചെയ്തു.
യുവവ്യവസായ സംരംഭകന് രഘു ബി നാരായണനെ എം.രാജഗോപാല്‍ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. സിബി വാഴക്കാല പ്രസംഗിച്ചു. സിസ്റ്റര്‍ മേഴ്സി ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മാനുവല്‍ കുറിച്ചിത്താനം സ്വാഗതവും സുരേഷ് കുമാര്‍ നീലേശ്വരം നന്ദിയും പറഞ്ഞു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉച്ചതിരിഞ്ഞ് 2 മണിക്ക് ആരംഭിച്ച എല്‍.പി, യു.പി വിഭാഗം വിദ്യാര്‍ത്ഥികളുടെ ചിത്രരചനാമത്സരത്തില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
0 Comments