ന്യൂഡല്‍ഹി: രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക (എന്‍. ആര്.സി.) കൊണ്ടുവരാനുള്ള തീരുമാനം ഉടനെ നടപ്പാക്കില്ലെന്ന് സൂചന.
പൗരത്വനിയമ ഭേദഗതിക്ക് തുടര്‍ച്ചയായി ദേശീയതലത്തില്‍ എന്‍.ആര്.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പ്രസ്താവിച്ചിരുന്നെങ്കിലും ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികയ്ക്കുമെതിരെ ദേശീയ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യത്തില്‍ പിന്നാക്കംപോകുന്നതെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു. പൗരത്വനിയമത്തെയും എന്‍.ആര്.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച പ്രസ്താവിച്ചത് ഈ പശ്ചാത്തലത്തിലാണ്. പൗരത്വനിയമവും എന്‍.ആര്.സി.യും നടപ്പാക്കില്ലെന്ന് ഒട്ടേറെ സംസ്ഥാനങ്ങള്‍ നിലപാടെടുത്തതും കേന്ദ്രം ആശങ്കയോടെയാണ് കാണുന്നത്.
സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെ പൗരത്വപ്പട്ടിക ഉണ്ടാക്കാനാവില്ല. ഇത്രയും വ്യാപക പ്രതിഷേധം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയില്ലെന്നുവേണം അനുമാനിക്കാന്‍. അതേസമയം, പൗരത്വനിയമ ഭേദഗതിയില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കംപോകുന്ന പ്രശ്നമില്ലെന്ന് മന്ത്രി അമിത് ഷായും മറ്റു മന്ത്രിമാരും ആവര്‍ത്തിക്കുന്നുണ്ട്. ഭേദഗതിചെയ്ത പൗരത്വനിയമം ബി. ജെ.പി. ഭരിക്കുന്ന അസമില്‍ നടപ്പാക്കിയാല്‍ ഈയിടെ അവിടെ നിലവില്‍വന്ന പൗരത്വപ്പട്ടികയിലെ അപാകം കുറെയൊക്കെ പരിഹരിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയനിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപി ക്കാനും ബി.ജെ.പി.ക്ക് സാധിക്കും. പൗരത്വപ്പട്ടികയില്‍നിന്ന് പുറത്തായ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗത്തിന് തിരിച്ചുവരാന്‍ ഭേദഗതിനിയമം സഹായകരമാവും.
ഒമ്പതു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളാണ് എന്‍. ആര്.സി.യെ ഇപ്പോള്‍ എതിര്‍ക്കുന്നത്. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്‍ഹി, തെലങ്കാന, ബിഹാര്‍, ഒഡിഷ എന്നിവ. ബിഹാര്‍ ഭരിക്കുന്ന ജനതാദളും ഒഡിഷ ഭരിക്കുന്ന ബിജു ജനതാദളും പാര്‍ലമെന്റില്‍ നിയമഭേദഗതിയെ അനുകൂലിച്ചവരാണ്. എന്നാല്‍, പൗരത്വനിയമത്തോടൊപ്പം എന്‍.ആര്.സി.കൂടി കൊണ്ടുവരുന്നതിനെ അനുകൂലിക്കില്ലെന്ന് മുഖ്യമന്ത്രിമാരായ നിതീഷ് കുമാറും നവീന്‍ പട്നായിക്കും പിന്നീട് വ്യക്തമാക്കി. മഹാരാഷ്ട്ര എന്‍.ആര്.സി.യുടെ കാര്യത്തില്‍ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എന്‍.സി.പി.യുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ഭരിക്കുന്നതിനാ ല്‍ ശിവസേന അതുമായി മുന്നോട്ടുപോവാന്‍ സാധ്യതയില്ല.
ജനസംഖ്യയുടെ പകുതിയും ഈ പത്തു സംസ്ഥാനങ്ങളിലാണുള്ളത്. ഈ സംസ്ഥാനങ്ങള്‍ എന്‍.ആര്. സി. യുമായി സഹകരിക്കുന്നില്ലെങ്കില്‍ അത് നടപ്പാക്കുക പ്രയാസംതന്നെയായിരിക്കും. തമിഴ്നാട്ടില്‍ എ.ഐ.എ. ഡി.എം. കെ.
അനുകൂലമാണെങ്കിലും ഡി.എം.കെ.യുടെ നേതൃത്വത്തില്‍ വന്‍ എതിര്‍പ്പ് എന്‍. ആര്.സി.ക്കെതിരേയുണ്ട്. സംസ്ഥാനങ്ങളുടെ ഭരണസംവിധാനം ഉപയോഗിച്ചല്ലാതെ അസം മാതൃകയില്‍ എന്‍.ആര്.സി. രാജ്യത്ത് നടപ്പാക്കാനാവില്ല. എല്ലാ പൗരന്മാരും എന്‍.ആര്. സി.ക്കുവേണ്ടി പ്രത്യേക അപേക്ഷ സമര്‍പ്പിക്കുകയും പൗരത്വ തെളിവിനായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും വേണം.
അസമില്‍ 1971 അടിസ്ഥാനവര്‍ഷമാക്കിയാണ് എന്‍.ആര്. സി. നടപ്പാക്കിയത്. ദേശീയതലത്തില്‍ ഏതുവര്‍ഷമാണ് അടിസ്ഥാനമാക്കുക എന്ന് ഇതുവരെ വ്യക്തമല്ല. അസമില്‍ പ്രത്യേക എന്‍.ആര്.സി. കേന്ദ്രങ്ങള്‍ തുടങ്ങുകയും ആയിരക്കണക്കിന് ജീവനക്കാരെ അതിനായി നിയമിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങള്‍ എന്‍.ആര്. സി. യെ എതിര്‍ക്കുമ്ബോള്‍ അവരുടെ സഹകരണമില്ലാതെ അത് എങ്ങനെ നടപ്പാക്കുമെന്ന് കണ്ടറിയണം.
അതേസമയം, പൗരത്വനിയമ ഭേദഗതിയുടെ കാര്യം വ്യത്യസ്തമാണ്. നിയമം നടപ്പായിക്കഴിഞ്ഞ സ്ഥിതിക്ക് അതിന്റെ അടിസ്ഥാനത്തില്‍, അര്‍ഹതപ്പെട്ടവര്‍ക്ക് (മൂന്നു അയല്‍രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31 വരെ കുടിയേറിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക്) പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിക്കാം. പൗരത്വം നല്‍കേണ്ടത് കേന്ദ്രമാണ്. അതില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാനാവില്ല. പുതിയ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ അസം ഒഴികെ മറ്റിടങ്ങളില്‍നിന്ന് അധികം അപേക്ഷകര്‍ ഉണ്ടാവാനുള്ള സാധ്യതയും കുറവാണ്.
0 Comments