കൂട്ടുപ്രതികള്‍ക്കൊപ്പം വേണ്ട, ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണം; വീണ്ടും ഹര്‍ജിയുമായി നടന്‍ ദിലീപ്


കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഡിജിറ്റല്‍ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്. കൂട്ടുപ്രതികള്‍ക്കൊപ്പമല്ലാതെ തനിക്ക് ഒറ്റയ്ക്ക് ദൃശ്യങ്ങള്‍ കാണണമെന്നാണ് പ്രതിയായ നടന്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത.്
ദിലീപിനൊപ്പം മറ്റ് അഞ്ച് പ്രതികള്‍ക്കും ദൃശ്യം കാണാനുള്ള അനുമതി ലഭിച്ചതിനു പിന്നാലെയാണ് ദിലീപിന്റെ ആവശ്യം.
ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജിയില്‍ തീരുമാനമുണ്ടായ ശേഷമാകും ആരെയെല്ലാം ദൃശ്യങ്ങള്‍ കാണിക്കാമെന്നതില്‍ കോടതി അന്തിമതീരുമാനം പുറപ്പെടുവിക്കുക.
നടിയെ ആക്രമിച്ച കേസിലെ മറ്റ് പ്രതികളായ പള്‍സര്‍ സുനി (സുനില്‍കുമാര്‍), മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കാണ് കോടതി ദൃശ്യങ്ങള്‍ കാണാന്‍ അനുമതി നല്‍കിയത്.
അഡീ. സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ ഇന്ന് 11.30നാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നത്.
പ്രോസിക്യൂഷന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ ഇന്നലെ പരിശോധിക്കാനാണ് കോടതി പറഞ്ഞതെങ്കിലും ദിലീപിന്റെ അപേക്ഷയെ തുടര്‍ന്ന് അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2017 ഫെബ്രുവരി 17നാണ് പള്‍സര്‍ സുനിയും മറ്റു ഗുണ്ടകളും ക്വട്ടേഷന്‍ പ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ദൃശ്യങ്ങള്‍ പരിശോധിക്കുന്ന വിദഗ്ധന്റെ പേര് നടന്‍ ദിലീപ് കൈമാറിയാതോടെയാണ് തീയതി തീരുമാനിച്ചത്. പ്രത്യേക വിചാരണ കോടതി മുമ്പാകെയാണ് വിദഗ്ധന്റെ പേര് ദിലീപ് നിര്‍ദ്ദേശിച്ചത്.
മൂന്നു വിദഗ്ധരെ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍, ദിലീപിനും അഭിഭാഷകനും പുറമേ ഒരു വിദഗ്ധനെക്കൂടി അനുവദിക്കാനാണ് നിര്‍ദ്ദേശമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ഒരു സാങ്കേതിക വിദഗ്ധനെ അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേസിനായി 32 ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനാണ് അനുമതി. ഈ ദൃശ്യങ്ങള്‍ അടച്ചിട്ട കോടതിമുറിയില്‍ പരിശോധിക്കും.

Post a Comment

0 Comments