അതിശൈത്യത്തില്‍ വിറച്ച് ദില്ലി, ആറ് മരണം, വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു


ദില്ലി: അതിശൈത്യത്തില്‍ തണുത്ത് വിറയ്ക്കുകയാണ് ദില്ലി. കനത്ത മൂടല്‍മഞ്ഞില്‍ മുന്നോട്ടുള്ള വഴി കാണാതെ റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ അപകടത്തില്‍പ്പെട്ട് ദില്ലി ഗ്രേറ്റര്‍ നോയിഡയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. ദില്ലി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിട്ടുമുണ്ട്.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിമാറിയ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നേമുക്കാല്‍ മണിയോടെയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതേത്തുടര്‍ന്ന്, യമുന എക്‌സ്പ്രസ് വേ വഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്‍കി.
ദില്ലിയില്‍ ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 4.6 ഡിഗ്രിയാണ് (രാവിലെ 9 മണി). ഈ സീസണിലെ ഏറ്റവും കഠിനമായ മൂടല്‍മഞ്ഞാണ് ഇന്ന് കാണുന്നത്. ഇതേ താപനില പതിനൊന്ന് മണി വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
റോഡ്, റെയില്‍ ഗതാഗതവും തടസ്സപ്പെട്ട നിലയില്‍ത്തന്നെയാണ്. റോഡില്‍ പലയിടത്തും മുന്നോട്ട് അല്‍പം പോലും കാണാനാകാത്ത സ്ഥിതിയാണ്. മുപ്പത് തീവണ്ടികളാണ് വൈകിയോടുന്നത്. ദില്ലി വിമാനത്താവളത്തിലേക്ക് പുലര്‍ച്ചെ എത്തേണ്ടിയിരുന്ന മൂന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. കൂടുതല്‍ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയായതോടെയാണ് തല്‍ക്കാലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. റണ്‍വേയില്‍ ഇന്ന് പുലര്‍ച്ചെയുള്ള ദൃശ്യപരിധി 50 മീറ്റര്‍ മുതല്‍ 175 മീറ്റര്‍ വരെ മാത്രമാണ്. ഇത് അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടത്.

Post a Comment

0 Comments