തടയണ മഹോത്സവത്തിന് ജില്ലയില്‍ തുടക്കമായി


പിലിക്കോട്: ജില്ലയിലെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമേകുന്ന പദ്ധതിയാണ് തടയണ മഹോത്സവമെന്നും നഷ്ടപ്പെട്ട ജീവജലം തിരിച്ചുപിടിക്കാനുള്ള പ്രാദേശിക കൂട്ടായ്മയാണ് തടയണ മഹോത്സവമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞു.
പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പാടിക്കീല്‍ പള്ളിക്കണ്ടം തോടിന് സമീപം തടയണ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 12 നദികളുള്ള ജില്ലയില്‍ വേനല്‍ കടുക്കുന്നതോടെ വരള്‍ച്ച രൂക്ഷമാകുന്നു. ഈ പ്രതിസന്ധിയാണ് നാം ആദ്യം മറികടക്കേണ്ടത്. ജില്ലയുടെ സമഗ്ര വികസനത്തില്‍ ജലസുരക്ഷ ഭക്ഷ്യ സുരക്ഷ സാമ്പത്തിക സുരക്ഷ സാമൂഹിക സുരക്ഷ എന്നിങ്ങനെ നാലുമേഖലകളിലൂടെയുള്ള പ്രവര്‍ത്തനമാണ് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ പ്രാഥമിക ഘട്ടം എന്ന നിലയിലാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ അധ്യക്ഷനായി. തടയണ ഉത്സവഗാന പ്രകാശനവും ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു നിര്‍വ്വഹിച്ചു. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജ ഗാനങ്ങളടങ്ങിയ പെന്‍ഡ്രൈവ് ഏറ്റുവാങ്ങി. കണ്‍വീനര്‍ പി.വി.ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ ഇ.പി.രാജ് മോഹന്‍, സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കുഞ്ഞിരാമന്‍, എം ടി പി മൈമുനത്ത് പിലിക്കോട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ പി.ശാന്ത, ടി പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ രമേശന്‍ സ്വാഗതവും കൃഷി ഓഫീസര്‍ പി ഡി ജലേശന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments