വാങ്ങാനാളില്ല; എയര്‍ ഇന്ത്യ അടച്ചുപൂട്ടും


ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിയ, രാജ്യത്തെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ അടച്ച് പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. വാങ്ങാന്‍ സ്വകാര്യ കമ്പനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ അടച്ച് പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
'എയര്‍ ഇന്ത്യക്ക് നിലവില്‍ 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്, ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാങ്ങാന്‍ ആളില്ലെങ്കില്‍ അടുത്ത വര്‍ഷം ജൂണോട് കൂടി ജെറ്റ് എയര്‍വെയ്‌സിന് സംഭവിച്ചത് പോലെ എയര്‍ ഇന്ത്യക്കും അടച്ചു പൂട്ടലിലേക്ക് കടക്കേണ്ടി വരും' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
താത്കാലിക നടപടികള്‍ക്കൊണ്ട് കൂടുതല്‍ കാലം നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് ഒരു മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ച കമ്പനികളില്‍ എയര്‍ഇന്ത്യയും ഉള്‍പ്പെടും. സ്വകാര്യവത്കരണം വിജയകരമായി നടന്നില്ലെങ്കില്‍ വരുന്ന ജൂണ്‍ മാസത്തിനകം തന്നെ കമ്പനി അടച്ചുപൂട്ടുമെന്നാണ് റിപ്പോര്‍ട്ട്.
2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ എയര്‍ഇന്ത്യയില്‍ 30,520.21 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചതായി സര്‍ക്കാര്‍ പറയുന്നു. 2012ല്‍ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷത്തെ കാലയളവില്‍ 30,000 കോടി രൂപയുടെ ധനസഹായം എയര്‍ ഇന്ത്യക്ക് ലഭ്യമാക്കിയിരുന്നു.
2018-19 ല്‍ 8,556.35 കോടി രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടമായി കണക്കാക്കപ്പെടുന്നത്. ഇത് കൂടാതെയാണ് 60,000കോടി രൂപയുടെ കടബാധ്യത.
നഷ്ടത്തിലായ രാജ്യാന്തര വിമാന കമ്പനികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് ലേലം വിളിക്കാനുള്ള അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍ നടപടികളുള്ളത്. എന്നാല്‍ ഇതുവരെ ആരും തന്നെ ഭീമനഷ്ടത്തിലുള്ള ഈ കമ്പനി വാങ്ങാന്‍ തയ്യാറായി എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76% ഓഹരി വില്‍പ്പനക്ക് തീരുമാനിച്ചിരുന്നെങ്കിലും സമാനസ്ഥിതിയായിരുന്നു.

Post a Comment

0 Comments