എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് മലപ്പച്ചേരി ഗ്രാമത്തിന് നവ്യാനുഭവമായി


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് മടിക്കൈ മലപ്പച്ചേരി ഗ്രാമത്തിന് നവ്യാനുഭവമായി. ഗ്രാമീണ സംസ്‌കൃതി തൊട്ടറിഞ്ഞും കാര്‍ഷിക പാഠങ്ങള്‍ ഉള്‍ക്കൊണ്ടും അമ്പതോളം വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെയായി ക്യാമ്പിനെ സജീവമാക്കി.
മലപ്പച്ചേരി സ്‌കൂള്‍ പരിസരം വൃത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ഇവിടെ നല്ലൊരു പുല്‍ത്തകിടിയും ഉദ്യാനവുമൊരുക്കി. സ്‌കൂള്‍ പരിസരത്തു വാഴക്കന്നുകളും നട്ടു പിടിപ്പിച്ചു. സ്‌കൂളിനോടനുബന്ധിച്ച അംഗന്‍വാടി ചിത്ര വേലകളാല്‍ മോടി കൂട്ടാന്‍ കുട്ടികള്‍ക്കൊപ്പം ചിത്രകാരനും അധ്യാപകനുമായ ജയദേവ് കമ്പല്ലൂര്‍ കോട്ടയും ഉണ്ടായിരുന്നു.
മലപ്പച്ചേരിയിലെ നാട്ടുകാരും കുട്ടികളെ വീട്ടിലെ അംഗങ്ങളെ പോലെ സ്വീകരിച്ചു. പ്രഭാഷണങ്ങളും വ്യക്തിത്വ വികസന ക്ലാസും കലാപരിപാടികളുമൊക്കെ ക്യാമ്പിന്റെ ഭാഗമായി നടന്നു. പ്രോഗ്രാം ഓഫീസര്‍ വിദ്യാ സൂരജ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.സമാപന സമ്മേളനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് എ ഇ ഒ പി.വി. ജയരാജ് ഉപഹാരങ്ങള്‍ നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.വി. ദാക്ഷ, പല്ലവ നാരായണന്‍, ദിവ്യ, എം.വി. ധന്യ, എ.വി.പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. പി.വിജയന്‍ സ്വാഗതവും വിദ്യാ സൂരജ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments