മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി: വിചിത്ര വാദവുമായി പോലീസ്


കാസര്‍കോട്: രേഖകള്‍ പരിശോധിക്കാനാണ് മംഗലാപുരത്ത് മാധ്യമപ്രകവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്ന വിശദീകരണവുമായി മംഗലാപുരം പോലീസ്. രേഖകള്‍ പരിശോധിച്ച് വരികയാണ്. അതിന് ശേഷം ആവശ്യമായ രേഖകള്‍ ഉള്ളവരെ മാത്രം റിപ്പോര്‍ട്ടിംഗിന് അനുവദിക്കാമെന്നുമാണ് ഇപ്പോള്‍ പോലീസിന്റെ നിലപാട്. അതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി സംബന്ധിച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നവരാരും ഔപചാരിക മാധ്യമ പ്രവര്‍ത്തകരല്ലെന്ന വിശദീകരണമാണ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്റേത് അടക്കം സ്ഥാപനത്തിന്റെ പേരും വിശദാംശങ്ങളും ചോദിച്ച് അറിഞ്ഞ ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നിരിക്കെയാണ് വിചിത്ര വാദവുമായി വാര്‍ത്താ കുറിപ്പ് ഇറക്കിയത്. കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. ഡിജിപിയും ചീഫ് സെക്രട്ടറിയും കര്‍ണാടക ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നുണ്ട്.
വലിയ എതിര്‍പ്പാണ് മംഗലാപുരം പോലീസിന്റെ നടപടിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. അതിനിടെ കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയുന്നുണ്ട്. മംഗലാപുരം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Post a Comment

0 Comments