ദുര്‍ഭരണത്തിനേററ തിരിച്ചടി- സിപിഎം


കാസര്‍കോട്: അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവും കൈമുതലാക്കിയ ദുര്‍ഭരണത്തിനേറ്റ തിരിച്ചടിയാണ് നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായതെന്ന് സിപിഎം കാസര്‍കോട് ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സാധാരണക്കാരെ മറന്ന് സ്വന്തക്കാര്‍ക്കായി മാത്രമായിരുന്നു നഗരഭരണം. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ളവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിലെല്ലാം കൈയിട്ടുവാരിയ ഭരണസമിതിക്കെതിരായ ശക്തമായ ജനവികാരമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
പൊട്ടിപ്പൊളിഞ്ഞ റോഡുകളോ തകര്‍ന്നുകിടക്കുന്ന തെരുവ് വിളക്കുകളോ നന്നാക്കാന്‍ നടപടിയെടുക്കാതെ നിലവിലുള്ള മികച്ച റോഡുകള്‍ കുത്തിപ്പൊളിച്ച് കോണ്‍ക്രീറ്റ് ചെയ്യുകയാണ് ഭരണസമിതി ചെയ്തുവരുന്നത്. ഹൊന്നമൂല, തെരുവത്ത് വാര്‍ഡുകളിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന സമീപനമാണ് ലീഗ് കൗണ്‍സിലര്‍മാരും ഭരണസമിതിയും സ്വീകരിച്ചത്. ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരത്തിലെ റോഡുകള്‍ മികച്ച നിലവാരത്തിലാക്കാനുള്ള നടപടിയുമുണ്ടായില്ല. ഓവുചാലുകളില്ലാതെ മലിനജലം റോഡിലൂടെ ഒഴുക്കിവിടുകയാണ്. പഞ്ചായത്തുകള്‍പോലും നാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ ലീഗ് കൗണ്‍സിലര്‍മാര്‍ സ്വന്തം കാര്യസാധ്യത്തിനായി മാത്രം ഭരണത്തെ ഉപയോഗിക്കുകയായിരുന്നു. കുടിവെള്ളവും വെളിച്ചവുമില്ലാത്ത നിരവധി വീടുകളാണ് ഹൊന്നമൂലയിലും തെരുവത്തുമുള്ളത്. ഇവയ്‌ക്കൊന്നും പരിഹാരം കാണാന്‍ ഇന്നുവരെ ലീഗ് ഭരണസമിതിക്ക് സാധിച്ചില്ല. ജനങ്ങളെ മറന്നുള്ള ദുര്‍ഭരണത്തിനേറ്റ തിരിച്ചടിയാണ് ഹൊന്നമൂലയിലുണ്ടായത്.
മുസ്ലിംലീഗുകാരുടെ അധികാരക്കൊതിയുടെയും കെടുകാര്യസ്ഥതയുടെയും ഫലമായാണ് സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടംവരുത്തി ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനം നിലനിര്‍ത്താനായി നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച കെ എം അബ്ദുള്‍റഹ്മാന്റെ അധികാരക്കൊതിയാണ് ഹൊന്നമൂലയിലെ ജനങ്ങളെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടത്. തെരുവത്ത് വാര്‍ഡിലാകട്ടെ തുടച്ചയായി കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തതിന് കൗണ്‍സിലറെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യനാക്കുകയായിരുന്നു. രണ്ട് ഉപതെരഞ്ഞെടുപ്പും ജനങ്ങള്‍ക്കുമേല്‍ കെട്ടിവച്ച ലീഗ് നേതൃത്വത്തിനെതിരായ വിധിയെഴുത്താണ് നടന്നത്.
ഹൊന്നമൂലയില്‍ സീറ്റ് പിടിച്ചെടുത്തപ്പോള്‍ തെരുവത്ത് വോട്ടിങ് ശതമാനം മൂന്നിരട്ടിയാക്കാനും യുഡിഎഫിന്റെ ഭൂരിപക്ഷം മൂന്നിലൊന്നാക്കാനും എല്‍ഡിഎഫിനായി.
നഗരസഭയിലെ ഭരണസമിതി ഉദ്യോഗസ്ഥ കൂട്ടുകെട്ട് മറ്റ് പഞ്ചായത്തുകളിലുള്ളവരെ വരെ വോട്ടര്‍പട്ടികയില്‍ തിരുകികയറ്റിയെങ്കിലും ലീഗിന് വോട്ടുചെയ്ത് തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത വോട്ടര്‍മാര്‍ കാണിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. നഗരസഭയിലെ ദുര്‍ഭരണത്തിനും വികസന മുരടിപ്പിനുമെതിരായി എല്‍ഡിഎഫ് അനുൂകലമായി വോട്ടുചെയ്ത മുഴുവനാളുകളെയും അഭിവാദ്യം ചെയ്യുന്നതായി സിപി എം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Post a Comment

0 Comments