പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് പിണറായി നിയമസഭയില്‍


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികള്‍ക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ഉള്ളത്.
രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭയില്‍ പ്രമേയം വരുന്നത്. സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ച് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്താണ് പ്രമേയ അവതരണം. നിയമസഭയില്‍ പ്രമേയം പാസാക്കി പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.കേന്ദ്രത്തിന്റേത് മത രാഷ്ട്ര സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത് പോകുന്നവരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയങ്ങള്‍ കേരളത്തില്‍ ഉണ്ടാകില്ല. അതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തെ ബിജെപി അംഗം ഒ.രാജഗോപാല്‍ എതിര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ അവസാന ഭാഗത്ത് വ്യക്തത കുറവുണ്ടെന്ന് കെ.സി.ജോസഫ് പറഞ്ഞു. വലിയ വിഭാഗത്തെ ബാധിക്കുന്ന, മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന നിയമം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും വരെ 2019 ലെ പൗരത്വ ഭേദഗതി നടപ്പാക്കുന്നത് നിരര്‍ത്തിവയ്ക്കണം എന്ന ആവശ്യം കൂടി കൂട്ടിച്ചേര്‍ക്കണമെന്നും പ്രതിപക്ഷത്തിന് വേണ്ടി കെ.സി ജോസഫ് കൂട്ടിച്ചേര്‍ത്തു.
പതിനെട്ട് പേരുടെ പാനലാണ് പ്രമേയാവതരണത്തിന് ശേഷം നിയമസഭയില്‍ സംസാരിക്കുന്നത്.

Post a Comment

0 Comments