ജില്ലാ കേരളോത്സവം നാളെ തുടങ്ങും


കാസര്‍കോട്: യുവജനങ്ങളുടെ സര്‍ഗ്ഗാത്മകവും കായികവുമായ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 21, 22 തിയ്യതികളിലായി പാക്കം ഗവ. ഹൈസ്‌കൂളില്‍ നടക്കും.
9 വേദികളിലായി 2500 പ്രതിഭകള്‍ 54 ഇനങ്ങളിലായി പങ്കെടുക്കും. 21ന് രാവിലെ വേദി നാലില്‍ പ്രസംഗ മത്സരത്തോടെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാകും. 22ന് വൈകുന്നേരം നാടക മത്സരത്തോടെ കേരളോത്സവത്തിന് തിരശ്ശീല വീഴും.
21 ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കലാ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘാടക സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.ജി.സി. ബഷീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. എം.സി. ഖമറുദ്ദീന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 22ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, എം. രാജഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.

Post a Comment

0 Comments