കര്‍ണ്ണാടക സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി ചന്ദ്രശേഖരന്‍


തിരുവനന്തപുരം: മംഗലാപുരത്ത് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി ഇ.ചന്ദ്രശേഖരന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്. റിപ്പോര്‍ട്ടിംഗ് തടയുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'നാട്ടിലുണ്ടാകുന്ന സംഭവങ്ങള്‍ ജനങ്ങള്‍ അറിയുന്നതില്‍ എന്തോ അപകടമുണ്ടെന്ന് കരുതുന്നവരാണ് മാധ്യമപ്രവര്‍ത്തകരെ തടയുന്നത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന് ന്യായീകരണവും ഇല്ല. കേരളത്തില്‍ നിന്നുള്ളവര്‍ മംഗലാപുരത്ത് പ്രശ്‌നമുണ്ടാക്കേണ്ട കാര്യമില്ല. അങ്ങനെയുണ്ടെങ്കില്‍ വസ്തുതാപരമായി ഇത് തെളിയിക്കേണ്ടതാണ്,' എന്നും മന്ത്രി പറഞ്ഞു.
'കേരളത്തിനെതിരെയും മലയാളികള്‍ക്കെതിരെയും പ്രചാരവേല നടത്തുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കും. എന്താണ് മംഗലാപുരത്ത് നടക്കുന്നതെന്ന് മനസിലാക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്.' മലയാളികളെ കുറിച്ച് ഇങ്ങനെ പറയാനുളള സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളം, തെലുങ്ക്, തമിഴ് മാധ്യമപ്രവര്‍ത്തകരെ വെന്‍ലോക് ആശുപത്രി പരിസരത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പോലീസ് വെടിവയ്പ്പ് നടന്ന പശ്ചാത്തലത്തില്‍ മംഗലാപുരത്ത് പോലീസ് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments