ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവി സ്ഥാനമൊഴിഞ്ഞു


ദില്ലി: ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവി സ്ഥാനമൊഴിഞ്ഞു. കരസേന മേധാവി എന്നത് വലിയ ഉത്തരവാദിത്തമായിരുന്നുവെന്ന് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. പുതിയ കരസേനമേധാവിയായി ചുമതലയേല്‍ക്കുന്ന ജനറല്‍ എം.എം നരവനെക്ക് അദ്ദേഹം അഭിനന്ദനം അറയിച്ചു. ബിപിന്‍ റാവത്ത് എന്ന പേരല്ല സൈന്യമാണ് ഏറ്റവും മുകളിലെന്ന് അദ്ദേഹം പ്രതികരിച്ചു.
2016 ഡിസംബര്‍ 31 നായിരുന്നു അദ്ദേഹം കരസേന മേധാവി ആയി ചുമതലയേറ്റത്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി ബിപിന്‍ റാവത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഇദ്ദേഹത്തിനായിരിക്കും. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം. 65 വയസ് വരെ പ്രായമുള്ളവര്‍ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും.

Post a Comment

0 Comments