രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ അണിചേരണം- സംയുക്ത ട്രേഡ് യൂണിയന്‍


കാഞ്ഞങ്ങാട്: രാജ്യത്തെയും പൊതുമേഖലയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും അണിചേരണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍.
വടക്കന്‍മേഖലാജാഥാംഗങ്ങള്‍ കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കൊപ്പം സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങള്‍ക്കുവേണ്ടിയുള്ളതാണ് ജനുവരി 8 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്ക്. ഇതിനൊപ്പം 270 ഗ്രാമീണ കര്‍ഷക സംഘടനകള്‍ കര്‍ഷക ബന്ദ് പ്രഖ്യാപിച്ചിരിക്കയാണ്. വിദ്യാര്‍ഥികളും യുവജനങ്ങളുമെല്ലാം രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ പാതയിലാണ്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ഈ സമരത്തിന്റെ പിന്നില്‍ അണിനിരക്കുന്നുണ്ട്.
രാഷ്ട്രീയകാരണങ്ങളാല്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും ബിഎംഎസും ആ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നവരുമെല്ലാം സംയുക്തട്രേഡ് യൂണിയന്‍ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളോട് യോജിപ്പുള്ളവരാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ഇല്ലായ്മ ചെയ്യുന്ന നിയമങ്ങള്‍ ഒന്നൊന്നായി പാസാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മൂന്നു നിയമങ്ങള്‍കൂടി പാസാക്കിയാല്‍
കൂട്ടായി വിലപേശാനുള്ള ട്രേഡ് യൂണിയനുകളുടെ അവകാശം കൂടി ഇല്ലാതാകും. ഈ തിരിച്ചറിവ് ബിഎംഎസിനുമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക മേഖല തകര്‍ന്നിരിക്കുന്നു. ഉല്‍പ്പാദനമേഖല സ്തംഭിച്ചു. ജനങ്ങളുടെ വാങ്ങല്‍ ശേഷി
ഇല്ലാതായി. ഫാക്ടറികള്‍ പലതും പൂട്ടി. തൊഴിലില്ലായ്മ വര്‍ധിച്ചു. നിക്ഷേപത്തിന്റെ തോത് കുറഞ്ഞു. സാമൂഹിക സുരക്ഷിതത്വം ഇല്ലാതായി. ഗുരുതരമായ ഈ സ്ഥിതി വിശേഷത്തെ നേരിടാന്‍ ജനങ്ങളില്‍ ഭിന്നിപ്പ് വളര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് പൗരത്വ നിയമങ്ങള്‍പോലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത്.
അതിനെതിരെ രാജ്യത്താകെ വളര്‍ന്നു വന്ന പ്രക്ഷോഭങ്ങളില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും രാജ്യം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അണിചേര്‍ന്നിരിക്കയാണ്. ഈ പണിമുടക്ക് നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടമാണ്.
എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാഥക്യാപ്റ്റനുമായ കെ പി രാജേന്ദ്രന്‍, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയും വൈസ്‌ക്യാപ്റ്റനുമായ കെ സുരേന്ദ്രന്‍, ജാഥാംഗങ്ങളായ സിഐടിയു ദേശീയ സെക്രട്ടറി കെ കെ ദിവാകരന്‍, എസ്ടിയു സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അഷറഫ്, ടിയുസിഐ നേതാവ് കെ.ദേവി, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ കെ അഷറഫ്, ഐക്യട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വീനര്‍ ടി കെ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments