ജില്ലയില്‍ വ്യാപകമായി ഭക്ഷ്യവിഷബാധ: ഉറവിടം കല്യോട്ടെ പെരുങ്കളിയാട്ട നഗരിയെന്ന് സംശയം


കാഞ്ഞങ്ങാട്/നീലേശ്വരം : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനാളുകള്‍ ഭക്ഷ്യവിഷബാധയേറ്റു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മാത്രം ഇന്നലെ രാത്രി എട്ടരമുതല്‍ ഇന്നുരാവിലെ 10 മണിവരെ ഇരുനൂറോളം പേര്‍ ചികിത്സതേടി. എല്ലാ പ്രായത്തില്‍ പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഛര്‍ദ്ദിയും വയറിളക്കവുമാണ് ഇവര്‍ക്ക് അനുഭവപ്പെട്ട ആദ്യ ലക്ഷണം. പിന്നാലെ തലവേദന തുടങ്ങി. തലവേദനയും ഛര്‍ദ്ദിയും കലശലായതോടെയാണ് പലരും ആശുപത്രിയിലെത്തിയത്.
ആവശ്യമായവര്‍ക്ക് ഇഞ്ചക്ഷനും കൊടുത്ത് അല്‍പനേരം നിരീക്ഷണത്തില്‍ വച്ച ശേഷമാണ് ആശുപത്രികളില്‍ നിന്നും ഇവരെ പറഞ്ഞയച്ചത്. ആരെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല. നീലേശ്വരം വള്ളിക്കുന്നിലെ താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രികളിലും ചികില്‍സ തേടിയിട്ടുണ്ട്. ബങ്കളം കൂട്ടപ്പുന്നയില്‍ നിരവധി പേര്‍ക്കാണ് ഇതേ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലും ഭക്ഷ്യവിഷബാധാ ലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സതേടിയെത്തി. പൂടംകല്ലിലെ താലൂക്ക് ആശുപത്രിയില്‍ നാല്‍പ്പതോളം പേര്‍ ചികിത്സ തേടി. കൂടുതലും കുട്ടികളാണ്. കല്യോട്ടെ പെരുങ്കളിയാട്ട നഗരിയില്‍ നിന്ന് സമാപന ദിവസം ഭക്ഷണം കഴിച്ചവരാണ് ഇവരെല്ലാം. അതേസമയം ചികിത്സ തേടിയ കുട്ടികള്‍ പെരുങ്കളിയാട്ട നഗരിയിലെ കച്ചവട ശാലകളില്‍ നിന്ന് ഐസ്‌ക്രീം ഉള്‍പ്പെടെയുള്ളവ കഴിച്ചിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Post a Comment

0 Comments