കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ കാസര്‍കോട് കരിവേടകം സ്വദേശി ജോഷി തോമസ് സമ്പാദിച്ചത് കോടികള്‍. 50ലധികം പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി പോലീസിലെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ദുബൈയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ സമയത്താണ് ജോഷിയെ കൊച്ചി സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.
ബന്തടുക്ക കരിവേടകം തുണ്ടത്തില്‍ വീട്ടില്‍ പരേതനായ തോമസിന്റെ മകന് ജോഷി നേരത്തെയും പോലീസിന്റെ പിടിയിലായിട്ടുണ്ട്. തിരുവല്ല, പാല, കാഞ്ഞങ്ങാട് ജയിലുകളില്‍ റിമാന്റില്‍ കഴിഞ്ഞു. കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്ത് കടന്ന പ്രതി പിന്നീട് അവിടെ നിന്നും തട്ടിപ്പുമായി വീണ്ടും സജീവമാവുകയായിരുന്നു. തട്ടിപ്പിന്റെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട് ആവിക്കര കോക്കണ്ടത്തില്‍ പരേതനായ പോളിന്റെ മകള്‍ മാര്‍ഗരറ്റ് മേരി (43), സഹോദരന് ജിമ്മി(45) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ടരമാസത്തിന് ശേഷം കോടതി ജാമ്യം അനുവദിച്ചു.
ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന 'സെയ്ന്റ് ജോര്‍ജ് പ്രാര്‍ഥനാ ഗ്രൂപ്പി'ന്റെ മറവിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിവന്നിരുന്നത്. പനത്തടി സെന്റ് മേരീസ് കോളേജിലായിരുന്നു വിദ്യാഭ്യാസം. സെന്റ് മേരീസ് കോളേജിലെ വൈദികര്‍ തൃശൂരില്‍ ജോലി വാങ്ങിക്കൊടുത്തു. തൃശൂരില്‍ നിന്നും കല്യാണം കഴിച്ചു. ഭാര്യയുടെ ബന്ധുക്കള്‍ ലണ്ടനിലുണ്ട്. ഏതാനും വര്‍ഷത്തിനുശേഷം ജോഷിയെ ഭാര്യവീട്ടുകാര്‍ ലണ്ടനിലേക്ക് കൊണ്ടുപോയി. ലണ്ടനില്‍ മലയാളികളുടെ പാസ്പോര്‍ട്ട് വിസ എന്നിവ സംബന്ധിച്ച രേഖകള്‍ ശരിയാക്കുന്ന ജോലി ചെയ്യുന്നതിനിടയില്‍ ഏതാനും മലയാളികളെ കബളിപ്പിച്ച് പണവുമായി തൃശൂരിലേക്ക് മുങ്ങി. പിന്നീട് സുഹൃത്തായ മദാമ്മയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തി കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ സ്ഥാപനം തുടങ്ങി. വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ മദാമ്മയാണ് ഇന്റര്‍വ്യൂ നടത്തിയിരുന്നത്. ഇത് വിദേശ ജോലി ആഗ്രഹിക്കുന്നവരില്‍ വിശ്വാസ്യത വളര്‍ത്തി. ഇതിനിടയില്‍ മദാമ്മയെ ജോഷി വിവാഹം കഴിച്ച് കരിവേടകത്ത് താമസം തുടങ്ങി. വേനല്‍ക്കാലത്ത് ചൂട് സഹിക്കാന്‍ കഴിയാതെ മദാമ്മ കരിവേടകത്തുനിന്നും താമസം മാറി. പിന്നീട് പലസ്ഥലത്തും ഇന്റര്‍വ്യൂ നടത്തി കോടികള്‍ സമ്പാദിച്ചു. നാട്ടില്‍ നില്ക്കാന് കഴിയാതായതോടെ മദാമ്മയേയും കൂട്ടി വിദേശത്തേക്ക് കടന്നു. ആദ്യ ഭാര്യയിലും മദാമ്മയിലും ജോഷിക്ക് മക്കളുണ്ട്. വിസ തട്ടിപ്പില്‍ ആദ്യം ജയിലിലായപ്പോള്‍ ക്വാറി മുതലാളിയായ കാലിച്ചാനടുക്കത്തെ സഹോദരി ഭര്‍ത്താവാണ് ജാമ്യത്തിലിറക്കാന്‍ സഹായിച്ചത്. കഴിഞ്ഞദിവസം എസ് ഐമാരായ എ വിനോജ്, സി.കെ അനില്‍കുമാര്‍, എ.എസ്.ഐ ജോസ് അഗസ്റ്റിന്, സി പി ഒ ലാലന് വിജയന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ മുംബൈയില്‍ നിന്നും പിടികൂടിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
0 Comments