കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ കഴിയുന്ന പ്രതികളെ കാണാനെത്തിയവരെ സന്ദര്‍ശന സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കി അയച്ച ജയില്‍ വാര്‍ഡനെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാനെത്തിയപ്പോള്‍ നാലംഗ സംഘം പിന്തുടര്ന്നെത്തി അക്രമിച്ചു. കാസര്‍കോട് സബ് ജയില്‍ വാര്‍ഡനും ചീമേനി തുറന്ന ജയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ യുക്തിസില്വസ്റ്ററിനെ (35)യാണ് അക്രമിച്ചത്. ഇന്നലെ വൈകീട്ട് 5.30 മണിയോടെയായിരുന്നു സംഭവം.
തടവ് പുള്ളികളെ സന്ദര്‍ശിക്കുന്ന സമയം കഴിഞ്ഞ ശേഷം വൈകീട്ട് അഞ്ചുമണിക്ക് ശേഷമാണ് നാലുപേര്‍ ജയില്‍ കഴിയുന്നവരെ കാണണമെന്ന ആവശ്യവുമായി എത്തിയത്. സമയം കഴിഞ്ഞെന്ന് പറഞ്ഞ് വാര്ഡന് ഇവരെ തിരിച്ചയക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഡ്യൂട്ടി കഴിഞ്ഞ് വൈകീട്ട് 5.30 നുള്ള പാസഞ്ചര്‍ ട്രെയിനില്‍ ചെറുവത്തൂരിലേക്ക് പോകാനായി വാര്ഡന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു.
ഈ സമയം നേരത്തേ ജയിലില്‍ തടവ് പുള്ളികളെ കാണാല്‍ വന്നിരുന്ന നാലുപേരും അവിടെ എത്തി. പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന വാര്‍ഡനെ സംഘം കൈയ്യേറ്റം ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ വാര്ഡന് കമ്പാര്‍ട്ട്മെന്റില്‍ കയറിയപ്പോള്‍ അക്രമിസംഘവും കയറി ട്രെയിനില്‍ വെച്ച് സംഘത്തിലെ ഒരാള്‍ നാഭിക്ക് തൊഴിക്കുകയും മറ്റുള്ളവര്‍ അടിക്കുകയും ചെയ്തു.
ഇതിനിടെ വാര്ഡന് സംഘത്തെ തള്ളിമാറ്റി ചാടിയിറങ്ങുകയും റെയില്‍വേ പോലീസിലെത്തി വിവരമറിയിക്കുകയും ചെയ്തു. പോലീസ് എത്തിയതോടെ അക്രമികള്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ റോഡില്‍ നിര്‍ത്തിയിരുന്ന ഒമ്നി വാനില്‍ കയറി രക്ഷപ്പെട്ടു. മര്‍ദ്ദനമേറ്റ ജയില്‍ വാര്‍ഡനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ കണ്ടെത്താല്‍ പോലീസ് റെയില്‍വേ സറ്റേഷനിലെയും മറ്റും സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്.
0 Comments