ഫുട്‌ബോള്‍ മത്സരത്തിനിടെ ധനരാജ് കുഴഞ്ഞുവീണു മരിച്ചു


പെരിന്തല്‍മണ്ണ: കാദറലി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മത്സരത്തിനിടെ കളിക്കളത്തില്‍ കുഴഞ്ഞുവീണ മുന്‍ കേരള സന്തോഷ് ട്രോഫി താരം പാലക്കാട് തൊട്ടേക്കാട് തെക്കോണി വീട്ടില്‍ ധനരാജ്(40) അന്തരിച്ചു. ഇന്നലെ രാത്രി ഒമ്പതോടെ പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു സംഭവം.
എഫ്.സി. പെരിന്തല്‍മണ്ണയ്ക്കുവേണ്ടിയാണ് ധനരാജ് കളത്തിലിറങ്ങിയത്. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി റഫറിയെ അറിയിച്ച ധനരാജ് ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും സംഘവും ഉടന്‍ തൊട്ടടുത്ത മൗലാന ആശുപത്രിയിലെത്തിച്ചു. അരമണിക്കൂറിനകം മരണപ്പെട്ടു.
സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചിട്ടുള്ള ധനരാജ് 2014 ല്‍ മഞ്ചേരിയില്‍നടന്ന ഫെഡറേഷന്‍ കപ്പില്‍ മുഹമ്മദന്‍സിന്റെ ക്യാപ്റ്റന്‍ ആയിരുന്നു. ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളായ മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയവയ്ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. പാലക്കാട് കൊട്ടേക്കാട് തെക്കോണിയില്‍ പരേതരായ രാധാകൃഷ്ണന്‍ മാരി ദമ്ബതിമാരുടെ മകനായ ധന്‍രാജ് ഇപ്പോള്‍ പാലക്കാട് മലമ്പുഴ ടാലന്റ് ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകനാണ്. ഭാര്യ: അര്‍ച്ചന. മകള്‍: ശിവാനി.

Post a Comment

0 Comments