അടവിറക്കിയാല്‍ പിടിവീഴും; കോച്ചുകളില്‍ സിസിടിവിദില്ലി: 2022ഓടു കൂടി രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി സ്ഥാപിക്കുമെന്ന് റെയില്‍വേ. കുറ്റവാളികളെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) സംവിധാനം ഉപയോഗിക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് പറഞ്ഞു. മുഴുവന്‍ കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കോറിഡോറിനും വാതിലിന്റെ മുകളിലുമായിട്ടായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക.
എന്നാല്‍, സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ല ക്യാമറകള്‍ സ്ഥാപിക്കുക. 58,600 കോച്ചുകളിലും 6100 റെയില്‍വേ സ്റ്റേഷനുകളിലും 2022 മാര്‍ച്ചോടുകൂടി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കുറ്റവാളികള്‍ കയറാതിരിക്കാന്‍ വേണ്ടിയാണ് മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അപകടത്തില്‍പ്പെട്ട് ഒരൊറ്റ ട്രെയിന്‍ യാത്രക്കാരനും മരിച്ചിട്ടില്ല.
അതേസമയം, റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് പ്രവര്‍ത്തന ചെലവില്‍ വര്‍ധനയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 113 ശതമാനമായിരുന്നു പ്രവര്‍ത്തന ചെലവ് ഈ സാമ്പത്തിക വര്‍ഷം 121 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക നഷ്ടം നികത്താനായി യാത്രാ നിരക്ക് വര്‍ധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കിലോമീറ്ററിന് അഞ്ച് മുതല്‍ 40 പൈസ വരെ വര്‍ധിക്കുമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

Post a Comment

0 Comments