യൂത്ത് ലീഗ് റാലിയിലെ സംഘര്‍ഷം; അമ്പത് പേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട് : മുസ്‌ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചു നടന്ന യുവജന റാലിക്കിടെ പോലീസിനെ കല്ലെറിഞ്ഞതിന് കേസ്.
ഹൊസ്ദുര്‍ഗ് സിഐ, വിനോദിന്റെ പരാതിയിലാണ് പോലീസ് സ്വമേധയാ കേസെടുത്തത്. കണ്ടാലറിയാവുന്ന അന്‍പതോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഇന്നലെ വൈകീട്ടാണ് യുവജന റാലി നടന്നത്. റാലി പുതിയകോട്ടയില്‍ എത്തിയപ്പോള്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ പേരെടുത്ത് പറഞ്ഞും പ്രകോപനപരമായ മുദ്രാവാക്യങ്ങളുണ്ടായി. ഇതിനിടെ ബിജെപി ബിഎംഎസ് പ്രവര്‍ത്തകരും സംഘടിച്ചതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്.
പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തി വീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെയാണ് ട്രഷറിക്കു പിന്നില്‍ നിന്ന് പോലീസിന് നേരെ തുരുതുരാ കല്ലേറുണ്ടായത്. ഉടന്‍ പോലീസ് ഇവിടേക്ക് പാഞ്ഞെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.

Post a Comment

0 Comments