കാസര്‍കോട്: പരന്നൊഴുകി വന്ന ശുഭ്ര സാഗരം സാക്ഷിയാക്കി 754 യുവ പണ്ഡിതര്‍ ബിരുദം ഏറ്റുവാങ്ങിയതോടെ ജാമിഅ സഅദിയ്യ അറബിയ്യുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് അത്യുജല പരിസമാപ്തി.
അമ്പതാണ്ടിന്റെ അത്ഭുതകരമായ വളര്‍ച്ച വരച്ചുകാട്ടിയ സമ്മേളനം സഅദിയ്യയുടെ വികസന കുതിപ്പിന് വേഗം നല്കുന്ന പത്ത് വര്‍ഷത്തെ കര്‍മ പദ്ധതിയായ വിഷന്‍ 2030 പ്രഖ്യാപിച്ചു. സഅദിയ്യയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും വിവിധ യൂണിവേഴ്സിറ്റികളുമായി വൈജ്ഞാനിക സഹകരണം സ്ഥാപിക്കുന്നതിനും വിഷന്‍ പ്രാമുഖ്യം നല്കുന്നു. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്കി വിവിധ സ്ഥാപനങ്ങള്‍ ആരംഭിക്കും. മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുന്നതിന് ഉന്നത നിലവാരമുള്ള പരിശീലന കേന്ദ്രവും ആരംഭിക്കും. നിലവിലെ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും വിഷന്‍ ലക്ഷ്യമിടുന്നു.
ജാമിഅ സഅദിയ്യ അറബിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദുബൈ ഔഖാഫ് ഡയറക്ടര്‍ ഡോ ഉമര്‍ മുഹമ്മദ് ഖത്വീബ് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്ലിയാര് സഅദി പണ്ഡിതര്‍ക്കും ഹാഫിളുകള്‍ക്കുമുള്ള സനദ് ദാനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തി. സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര് സനദ്ദാന പ്രഭാഷണം നിര്‍വ്വഹിച്ചു. മുഹമ്മദ് അബ്ദുല്ല അല്‍ ഹാശിമി (ദുബൈ ഔഖാഫ) ജമാലുദ്ദീന്‍ ബിന്‍ ഹമീദ് (ചീഫ് സെക്രട്ടറി, ജോഹാര്‍) , ഈജിപ്ത് കള്‍ച്ചറല്‍ കൗണ്‍സിലര്‍ ഡോ മുഹമ്മദ് ശുക്റ് നദ മുഖ്യാതിഥികളായിരുന്നു. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. സഅദിയ്യ സെക്രട്ടി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം സ്വാഗതവും എസ് വൈ എസ് ജില്ലാ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.
0 Comments