ബാവിക്കര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി വീണ്ടും മുടങ്ങി


കാസര്‍കോട്: കാസര്‍കോടിന്റെ കുടിവെള്ളപ്രശ്‌നത്തിനു ശാശ്വതപരിഹാരമാകുന്ന ബാവിക്കര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി വീണ്ടും മുടങ്ങി. സ്ഥിരം തടയണ നിര്‍മ്മാണം എണ്‍പതു ശതമാനവും പൂര്‍ത്തീകരിച്ചതായിരുന്നു.
ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന തടയണയുടെ പ്രവൃത്തി പുനരാരംഭിക്കാന്‍ ഇന്നലെ കരാറുകാരന്‍ തൊഴിലാളികളുമായെത്തിയപ്പോഴാണ് ഇവിടേക്ക് നേരത്തേയുണ്ടായിരുന്ന വഴി വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് നിലപാടില്‍ പ്രദേശവാസികളില്‍ ചിലരെത്തിയത്.
സാധനസാമഗ്രികളെത്തിക്കുന്നതിനു നേരത്തേ പ്രദേശവാസികള്‍ സൗജന്യമായി സ്ഥലം വിട്ടു കൊടുത്തതാണെന്ന് ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്ന നിലപാടിലാണ് ഇപ്പോള്‍ പ്രദേശത്തെ ചിലരുള്ളത്. പ്രവൃത്തി മുടങ്ങിയതിനെ തുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഡി രാജന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പിന്നീട് ഉദ്യോഗസ്ഥര്‍ പുതിയൊരു അലൈന്‍മെന്റ് റോഡിനായി നിര്‍ദ്ദേശിച്ചെങ്കിലും ഇതിലും തീരുമാനമുണ്ടായില്ല. അസി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ രത്‌നാകരന്‍, എ അനൂപ്, അസി എഞ്ചിനീയര്‍ ഫെമി മരിയാ തോമസ്, ഓവര്‍സീയര്‍ കെ പ്രസാദ്, വികസനസമിതി ഭാരവാഹികളായ ഗോപിനാഥന്‍ നായര്‍, ഇ കുഞ്ഞിക്കണ്ണന്‍, അബ്ദുള്ളക്കുഞ്ഞി, എം കെ ഹമീദ് തുടങ്ങിയവരും ചര്‍ച്ചയ്ക്കുണ്ടായിരുന്നു. പദ്ധതി കൊണ്ട് പ്രദേശവാസികള്‍ക്കു കൂടി പ്രയോജനമുണ്ടാകണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി തടയണയോടൊപ്പം ട്രാക്ടര്‍ വേ നിര്‍മ്മിക്കാനുള്‍പ്പെടെ തീരുമാനമായിരുന്നു.കാസര്‍കോട് നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമുള്ള വെള്ളത്തിനു വേണ്ടിയാണ് പയസ്വിനിപ്പുഴയില്‍ തടയണ നിര്‍മിക്കുന്നത്. ജല അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷന്റെ രണ്ടു കിലോമീറ്റര്‍ താഴെയായി ആലൂര്‍ മുനമ്പത്താണ് 120 മീറ്റര്‍ നീളത്തില്‍ ഇതിന്റെ നിര്‍മ്മാണം.

Post a Comment

0 Comments