സംഘടനാവിരുദ്ധപ്രവര്‍ത്തനം: യൂത്ത് വിംഗ് കമ്മറ്റി പിരിച്ചുവിട്ടു


നീലേശ്വരം: മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് നീലേശ്വരം യൂണിറ്റ് പിരിച്ചുവിട്ട് പുതിയ കമ്മറ്റി രൂപീകരിച്ചു. കളര്‍ഫുള്‍ രാജന്‍ (പ്രസിഡണ്ട്), ഗണേഷ് കമ്മത്ത് (സെക്രട്ടറി), അഫ്‌സല്‍.എം.പി(ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
സംഘടനാവിരുദ്ധ പ്രവര്‍ത്തനവും പ്രസിഡണ്ടിനും ട്രഷററിനും 40 വയസ് പ്രായം കഴിഞ്ഞതുമാണ് പിരിച്ചുവിടലിന് കാരണം. യൂത്ത് വിംഗ് അംഗങ്ങളുടെ പ്രായപരിധി 40 വയസുവരെയാണ് . പഴയ പ്രസിഡണ്ട് എം.വിനീതിനും ട്രഷറര്‍ എം. കെ.ബാബുവിനുമാണ് പ്രായം കടന്നത്. ജനറല്‍ സെക്രട്ടറി എ.ധനേഷിനെ പ്രസിഡണ്ടാക്കാന്‍ ഏകോപന സമിതി യൂണിറ്റ് നേതൃത്വം ആലോചിച്ചുവെങ്കിലും ധനേഷ് അത് നിരസിച്ചു. കഴിഞ്ഞ യൂത്ത് വിംഗ് കമ്മറ്റിയിലുണ്ടായിരുന്ന ഭൂരിപക്ഷം ഭാരവാഹികളും സ്വാമി പക്ഷക്കാരാണ്. സ്വാമി കേരളം വിട്ട് കച്ചവടവുമായി ഉഡുപ്പിയില്‍ കാലുറപ്പിച്ചുവെങ്കിലും അനുയായികള്‍ ഇപ്പോഴും 'സ്വാമിഭക്തിയില്‍' തന്നെയാണ്. കെ.വി.സുരേഷ്‌കുമാര്‍ ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ യൂത്ത്‌ലീഗ് പ്രതിപക്ഷ സ്വഭാവത്തോടെ നീങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഏകോപന സമിതി എക്‌സിക്യുട്ടീവ് യോഗമാണ് നിലവിലുള്ള കമ്മറ്റി പിരിച്ചുവിട്ട് പുതിയഭാരവാഹികളെ നിയോഗിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ജില്ലാ രക്ഷാധികാരി ശിഹാബ് ഉസ്മാനും പങ്കെടുത്തു.

Post a Comment

0 Comments