കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. ടെര്‍മിനല്‍ നിര്‍മ്മാണസ്ഥലത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് സമരക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 200 ലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.
നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന പോലീസ് മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു സമരസമിതിയുടെ മാര്‍ച്ച്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി മുടങ്ങിയ ടെര്‍മിനല്‍ നിര്‍മ്മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഇതോടെ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരവും ടെര്‍മിനല്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു.
പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്. പുതുവൈപ്പിലെ ജനങ്ങളുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും സാധിച്ചിട്ടില്ല. റോഡ് മാര്‍ഗ്ഗം എല്‍പിജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ ജനവാസ മേഖലയില്‍ പദ്ധതി വരുന്നതിനെതിരെ ജനങ്ങള്‍ രംഗത്ത് വരികയായിരുന്നു.
ഒമ്പത് വര്‍ഷമായിട്ടും വെറും 45 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടമാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഉണ്ടായതെന്നാണ് വാദം. ഇതോടെയാണ് പോലീസ് സുരക്ഷയില്‍ നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനിച്ചത്.
0 Comments