ദുബായ്: രാജ്യദ്രോഹക്കുറ്റം ചുമത്തി പാക്കിസ്ഥാന് കോടതി തനിക്ക് വധശിക്ഷ വിധിച്ചത് വ്യക്തിവൈരാഗ്യം മൂലമെന്ന് പാക്കിസ്ഥാന് മുന്‍ സൈനിക സ്വേച്ഛാധിപതി റിട്ടയേര്‍ഡ് ജനറല്‍ പര്‍വേസ് മുഷ്റഫ്. വിധി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് പര്‍വേസ് മുഷ്റഫ് വിഷയത്തില്‍ പ്രതികരിക്കുന്നത്.
വിദഗ്ധ ചികിത്സയ്ക്കായി 2016 മുതല്‍ മുഷ്റഫ് ദുബായിലാണ്. 2014 നും 2019നും ഇടയില്‍ നടന്ന വിചാരണയില്‍ ദുബായില്‍ തന്റെ മൊഴി കൂടി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടും അത് നിഷേധിക്കുകയായിരുന്നുവെന്ന് മുഷ്റഫ് പറഞ്ഞു. തനിക്കെതിരായ വധശിക്ഷ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
2007 നവംബറില്‍ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
എന്നാല്‍ വിചാരണ വൈകിപ്പിക്കുകയും ഇതിനിടെ 2016 മാര്‍ച്ചില്‍ മുഷാറഫ് രാജ്യം വിടുകയും ചെയ്തിരുന്നു.പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ സേത്ത്, സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നാസര്‍ അക്ബര്‍, ലാഹോര്‍ ഹൈക്കോടതി ജസ്റ്റിസ് ഷാഹിദ് കരീം എന്നിവരടങ്ങുന്ന മൂന്നംഗ പ്രത്യേക കോടതിയാണ് വധശിക്ഷ നല്‍കിയത്. മൂന്നില്‍ രണ്ട് ജഡ്ജിമാരും പരമാവധി ശിക്ഷയെ അനുകൂലിക്കുകയായിരുന്നു.
0 Comments