കാസര്‍കോട്: ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന രണ്ടാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്മാന് കെ വി കുഞ്ഞിരാമന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായാണ് 22 മുതല്‍ 26 വരെ എല്ലാ ദിവസവും രാത്രി ഏഴിന് ബേവൂരി സൗഹൃദ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നാടക മത്സരം സംഘടിപ്പിക്കുന്നത്. 22 ന് വൈകീട്ട് നാലിന് നാടക ജ്യോതി പ്രയാണത്തോടെയാണ് നാടകോത്സവത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് എം രാജഗോപാലന്‍ എംഎല്‍എ നാടക മത്സരം ഉദ്ഘാടനം ചെയ്യും. ഡോ. അംബികാസുതന്‍ മാങ്ങാട്, പി അപ്പുക്കുട്ടന് എന്നിവര്‍ മുഖാതിഥിയാകും. 22 ന് വടകര കാഴ്ച കമ്മ്യൂണിക്കേഷന്റെ 'ദൂരം അരികെ', 23 ന് ആലുവ പ്രഭാത് തിയേറ്റേഴ്സിന്റെ 'അഴിമുഖം', 24 ന് തിരുവനന്തപുരം വേദവ്യാസ കമ്മ്യൂണിക്കേഷന്റെ 'മറിമായം', 25 ന് ചൈത്രതാര കൊച്ചിയുടെ 'പുനഃസൃഷ്ടി', 26 ന് കൊച്ചിന് നടനയുടെ 'വെള്ളക്കാരന്' എന്നീ നാടകങ്ങള്‍ മത്സരിക്കും. 27 ന് വൈകിട്ട് ആറിന് സമാപന സമ്മേളനം കെ. കുഞ്ഞിരാമന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി വി കെ പനയാല്‍ മുഖാതിഥിയാകും.കവിസൂറാബ് സാംസ്കാരിക പ്രഭാഷണം നടത്തും.
തുടര്‍ന്ന് നാടക മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കും. രാത്രി ഏഴിന് കോഴിക്കോട് ആര്‍ട്ട് തീയേറ്റേഴ്സ് (സിഎടി) അവതരിപ്പിക്കുന്ന ' വൃദ്ധവൃക്ഷങ്ങള്‍' എന്ന നാടകവും ബേവൂരി യുവചേതന ക്ലബിന്റെ കലാപരിപാടികളും അരങ്ങേറും. അനുബന്ധ പരിപാടിയായി സംഘടിപ്പിക്കുന്ന സാംസ്ക്കാരിക സായാഹ്നങ്ങളില്‍ ഡോ. വി പി പി മുസ്തഫ, രാജ്മോഹന്‍ നീലേശ്വരം, വി നൗഷാദ് അരീക്കോട്, സനല്‍ പാടിക്കാനം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
നാടകോത്സവം നാടിന്റെ സാംസ്കാരികോത്സവമായി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകരും നാട്ടുകാരും. സംഘാടക സമിതി കണ്‍വീനര്‍ എച്ച് വേലായുധന്, പോഗ്രാം കമ്മിറ്റി ചെയര്മാന് രചന അബ്ബാസ്, കണ്‍വീനര്‍ കെ വിജയകുമാര്‍, ടി കെ അഹമ്മദ് ഷാഫി, ബി കൈരളി, രവീന്ദ്രന് കൊക്കാല്‍, കെ അമോഷ്, കെ സരോജിനി, രാജേഷ് മാങ്ങാട്, എ.അപ്പക്കുഞ്ഞി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments