മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; പ്രതിഷേധം വ്യാപകം


കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗലാപുരത്തുണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കര്‍ണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിവിധ ജില്ലകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മാധ്യമ പ്രപവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ലിയുജെയുടേയും വിവിധ പ്രസ്‌ക്ലബുകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികള്‍ അടക്കം പത്ത് മാധ്യമ പ്രവര്‍ത്തകരെയാണ് മംഗലാപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. രേഖകള്‍ പരിശോധിക്കാനാണെന്ന വിശദീകരണമാണ് മംഗലാപുരം പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പുറത്ത് വരുന്നത്. രാവിലെ എട്ടരയോടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണും ക്യാമറയും അടക്കം ഉപകരണങ്ങളെല്ലാം പോലീസ് പിടിച്ച് വാങ്ങി. മണിക്കൂറുകള്‍ക്ക് ശേഷവും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടാനാന്‍ കഴിയുന്നില്ല.
മൂന്ന് മണിക്കൂറിന് ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം വന്നെങ്കിലും തുടര്‍ന്നും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടാനാകാത്ത അവസ്ഥയാണ്. ഇതിനിടെ വ്യാജ മാധ്യമപ്രവര്‍ത്തകരെയാണ് പിടികൂടിയതെന്ന വിചിത്ര വാദവും പോലീസ് നടത്തി.
സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയിട്ടും മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ വിവിധ മേഖലകളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. മംഗലാപുരത്തെ മാധ്യമ വേട്ടക്ക് എതിരെ കൊല്ലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വയനാട്ടില്‍ കര്‍ണാടക ബസ് തടഞ്ഞായിരുന്നു പ്രതിഷേധം.

Post a Comment

0 Comments