അയോധ്യയില്‍ പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍


ദില്ലി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ കര്‍സേവകര്‍ പൊളിച്ചുനീക്കിയ ബാബ്‌രി മസ്ജിദിന് പകരം മുസ്ലിം പള്ളി നിര്‍മ്മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍.
അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്തിന്റെ 15 കിലോമീറ്റര്‍ പരിധിക്ക് പുറത്താണ് നിര്‍ദ്ദേശിച്ച അഞ്ച് സ്ഥലങ്ങളും. മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍, ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അയോധ്യയില്‍ തന്നെ, അനുയോജ്യമായ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. 1992ലാണ് കര്‍സേവകര്‍ ബാബ്‌രി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുഗള്‍ രാജാവായ ബാബര്‍ ക്ഷേത്രം നിര്‍മ്മിച്ചാണ് പള്ളി നിര്‍മ്മിച്ചതെന്നും ആരോപിച്ചായിരുന്നു പൊളിച്ച് നീക്കിയത്. സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 2019 നവംബര്‍ ഒമ്പതിനാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യബാബ്‌രി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞത്.
പള്ളി പൊളിച്ചുനീക്കിയ സ്ഥലക്ക് ക്ഷേത്രം നിര്‍മ്മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീം കോടതി തള്ളി.
അയോധ്യയില്‍ നാല് മാസത്തിനകം അംബര ചുംബിയായ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

Post a Comment

0 Comments