യോഗിക്ക് കാവി ചേരില്ലെന്ന് പ്രിയങ്ക; സന്യാസിയെ ആക്ഷേപിച്ചാല്‍ ശിക്ഷ നല്‍കുമെന്ന് യോഗി


ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മറുപടിയുമായി യോഗി ആദിത്യനാഥ്.
പൊതുജനക്ഷേമത്തിന് വേണ്ടിയുള്ള ഒരുസന്യാസിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നവരെ ശിക്ഷിക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഭഗ്വാ മേം ലോക് കല്യാണ്‍' (പൊതുജന നന്മ കാവിയിലൂടെ) എന്ന ഹിന്ദി ഹാഷ്ടാഗോടെയാണ് യോഗിയുടെ പ്രതികരണം.
'ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും പ്രീണന രാഷ്ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകാന്‍ ബുദ്ധിമുട്ടാണ്' ട്വീറ്റില്‍ വ്യക്തമാക്കുന്നു.
പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നവരോട് പ്രതികാരം ചെയ്യുമെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദ്യത്യ നാഥിനെ രൂക്ഷമായി വിമര്‍ശിച്ചത്. യോഗി ആദിത്യ നാഥിന് കാവി ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും യോഗി നേതൃത്വം നല്‍കുകയാണ്. ഇന്ത്യയുടെ ധാര്‍മിക മൂല്യത്തിന്റെ പ്രതീകമാണു കാവി. അത് യോഗി ആദിത്യനാഥിന് ചേരില്ലെന്നുമായിരുന്നു പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം.

Post a Comment

0 Comments