ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ നാശനഷ്ടം വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ റെയില്‍വേയും.
80 കോടിയുടെ നാശനഷ്ടമാണ് റെയില്‍വേക്കുണ്ടായത്. ഇത് നശിപ്പിച്ചവരില്‍ നിന്ന് ഈടാക്കാനാണ് റെയില്‍വെയുടെ തീരുമാനം. റെയില്‍വേക്ക് നേരെ ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നാശനഷ്ടം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ വ്യാപകമായി കേസ് എടുക്കുകയും നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. നിരവധി സ്ഥലങ്ങളില്‍ ട്രെയിന്‍ കോച്ച് തീവെച്ച് നശിപ്പിച്ചതുള്‍പ്പെടെയുള്ള സംഭവമുണ്ടായിരുന്നതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് പറഞ്ഞു. നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ ആക്ട് 151 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
ഈസ്റ്റേണ്‍ റെയില്‍വേയില്‍ മാത്രം 70 കോടി നഷ്ടമുണ്ടായി. നോര്‍ത്ത് ഈസ്റ്റ് റെയില്‍വേക്ക് 10 കോടിയുടെ നഷ്ടവും. ആകെ മൊത്തം 80 കോടി. ഇത്തരത്തില്‍ വന്‍ നഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്നാണ് റെയില്‍വേയും നടപടികള്‍ക്കായി ഒരുങ്ങുന്നത്. ബംഗാളിലാണ് കൂടുതല്‍ ആക്രമണമുണ്ടായത്. അസമിലും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.
0 Comments