മാജിക് പ്ലാനറ്റിലെ ഭിന്നശേഷി കുട്ടികളുടെ പുതിയ കാല്‍വെപ്പ്


തിരുവനന്തപുരം: പരിമിതികളെ മാറ്റിമറിച്ച് വിവര സാങ്കേതികവിദ്യയുടെ പുതുപുത്തന്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കുട്ടികള്‍ തയ്യാറെടുക്കുന്നു.
സര്‍ഗാത്മക കഴിവുകളുള്ള, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ആരംഭിച്ച ഡിഫറന്റ് ആര്‍ട്‌സ് സെന്ററിലെ 100 ഭിന്നശേഷിക്കുട്ടികളാണ് സൈബര്‍ ലോകത്തെ താരങ്ങളാകാനൊരുങ്ങുന്നത്. ഇവര്‍ക്കായി റിജു ആന്റ് പി.എസ്.കെ ജൂനിയറിന്റെ സഹകരണത്തോടെ സൗജന്യ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി ഇന്‍സ്‌പൈറയ്ക്ക് നാളെ മാജിക് പ്ലാനറ്റില്‍ തുടക്കമാകും.ഇന്‍സ്‌പൈറ സെന്റര്‍ കേന്ദ്രമന്ത്രി വി.മുരളീധരനും പദ്ധതി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. റിജു ആന്റ് പി.എസ്.കെ ജൂനിയര്‍ മാനേജിംഗ് ഡയറക്ടര്‍ സുരേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തും. ഭിന്നശേഷിക്കുട്ടികള്‍ക്കായി 100 ടാബുകളാണ് വിതരണം ചെയ്യുന്നത്. ഇവര്‍ക്കായി പ്രത്യേക ആപ്ലിക്കേഷനാണ് ഈ ടാബില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഈ ടാബിലൂടെയാണ് പരിശീലനം നടക്കുക.100 കുട്ടികളാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ വിവിധ വേദികളില്‍ കലാവതരണം നടത്തുന്നത്.ഓട്ടിസം,സെറിബ്രല്‍ പാഴ്‌സി, ഡൗണ്‍സിന്‍ഡ്രോം, എം. ആര്‍, ഡിപ്രഷന്‍ മേഖകളില്‍ നിന്നുള്ള കുട്ടികളാണ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സര്‍വതോന്മുഖമായ വികാസമാണ് ലക്ഷ്യമിടുന്നത്. ഇവര്‍ക്കായി മോട്ടിവേഷന്‍ ക്ലാസുകളും വിവിധ പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

Post a Comment

0 Comments