വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതിക്ക് 5 കൊല്ലം കഠിന തടവും കാല്‍ലക്ഷം പിഴയും ശിക്ഷ


ബന്തടുക്ക: ഉച്ചയൂണ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വിശ്രമിക്കുകയായിരുന്ന കരിവേടകം പള്ളക്കാട് രാജപ്പന്റെ മകന്‍ രതീഷിനെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പള്ളക്കാട് ദര്‍ഘാസ് പക്കീരന്റെ മകന്‍ ചന്ദ്രന് 5 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (3) ജഡ്ജി ടി.കെ.നിര്‍മ്മലയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 2 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
2018 ഒക്ടോബര്‍ 1 ന് ഉച്ചക്ക് 1.30 ന് കരിവേടകം ഓട്ടോസ്റ്റാന്റില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. അതിന് ഒന്നര മാസം മുമ്പ് രതീഷ് ഓട്ടോറിക്ഷ ഓടിച്ചു പോകുമ്പോള്‍ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് സംഭവ ദിവസം ഉച്ചക്ക് 12:00 മണിക്ക് ഓട്ടോസ്റ്റാന്റില്‍ വെച്ച് പ്രതി ബഹളം വെച്ചിരുന്നു.
വാക്കത്തികൊണ്ടുള്ള വെട്ടുകൊണ്ട് തലക്കും പുറത്തും ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ മംഗലാപുരം ഗവ.വെന്‍ലോക് ആശുപത്രില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബാലകൃഷ്ണനാണ് ഹാജരായത്. ബേഡകം എസ്‌ഐ ആയിരുന്ന ടി.ദാമോദരനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Post a Comment

0 Comments