ശബരിമലയില്‍ കനത്ത തിരക്ക്; 26 ന് നിയന്ത്രണം ഏര്‍പ്പെടുത്തും


പത്തനംതിട്ട: മണ്ഡപൂജയടുത്തതോടെ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു. സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി കൂടുതല്‍ പോലീസിനെ വിന്യസിക്കും.
സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകരുടെ എണ്ണം ദിവസേന എഴുപത്തി അയ്യായിരത്തിലും അധികമാണ്. അവധിദിനങ്ങളും മണ്ഡലപൂജ അടുത്തതും തിരക്ക് ക്രമാതീതമായി കൂടാന്‍ കാരണമായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ മരക്കൂട്ടം മുതല്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുവാനാണ് തീരുമാനം. രണ്ട് കമ്പനി പോലീസുകാരെ അധികമായി നിയോഗിക്കും.
മണ്ഡലപൂജയ്ക്ക് തലേദിവസം പമ്പയിലും സന്നിധാനത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനുമാണ് തീരുമാനം. സൂര്യഗ്രഹണ ദിവസമായ 26ന് രാവിലെ 7.30 മുതല്‍ 11.30 വരെ നടയടച്ചിടും. 3.15മുതല്‍ 6.45 വരെ നെയ്യഭിഷേകം നടത്താം.
സമയക്രമത്തില്‍ വ്യത്യാസമുളളതിനാല്‍ അന്ന് തിരക്ക് കൂടുമെന്നും തീര്‍ത്ഥാടകര്‍ ഇതനുസരിച്ച് ദര്‍ശന സമയം ക്രമീകരിക്കണമെന്നും ദേവസ്വം ബോര്‍ഡ്അറിയിച്ചു.
സുരക്ഷയുടെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങള്‍ക്കൊപ്പം ബോംബ് സ്‌ക്വാഡും പരിശോധന ശക്തമാക്കി. കൂടുതല്‍ സിസിടിവി ക്യാമറകളും ശരരണ പാതയില്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് അപ്പം, അരവണ എന്നിവയുടെ കരുതല്‍ ശേഖരം കൂട്ടിയിട്ടുണ്ട്.

Post a Comment

0 Comments