പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭം പടരുന്നു; 13 മെട്രോ സ്റ്റേഷനുകള്‍ പൂട്ടി


ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ പ്രതിഷേധകരെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പോലീസും. കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധകരെ നേരിടാന്‍ സര്‍ക്കാര്‍ നിരോധനാജ്ഞകള്‍(144ആം വകുപ്പ് പ്രകാരം) പുറപ്പെടുവിച്ചിട്ടുണ്ട്. നിരോധനാജ്ഞ പ്രകാരം നാലോ അതില്‍ കൂടുതല്‍ ആള്‍ക്കാരോ ഒത്തുകൂടുന്നത് നിയമവിരുദ്ധമാണ്. ഡല്‍ഹിയിലെ ചെങ്കോട്ടയിലും 144ആം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ വിദ്യാര്‍ത്ഥി, സാമൂഹിക സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങളിലെ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നിരോധനാജ്ഞയും പോലീസ് വാഹനങ്ങള്‍ തടയുന്നതും കാരണം ഡല്‍ഹിയിലെ വാഹനഗതാഗതവും കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്.
ഇതേ കാരണത്താല്‍ 13 മെട്രോ ട്രെയിന്‍ സ്റ്റേഷനുകളും ഡല്‍ഹിയില്‍ താത്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ട്. കര്‍ണാടകയില്‍ ബാംഗ്ലൂരിലും മംഗാലാപുരത്തുമാണ് നിരോധനാജ്ഞ നിലവിലുള്ളത്. കര്‍ണാടകയിലെ കാലാബുര്‍ഗിയില്‍ കറുത്ത കൊടികളുമായി പ്രതിഷേധിക്കാന്‍ എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കി. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് ഒത്തുകൂടിയതിനാണ് അറസ്റ്റ്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും പ്രതിഷേധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളെയും പോലീസ് തടഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ ചെങ്കോട്ടയിലും ഇത് തന്നെയാണ് സ്ഥിതി. ഇവിടെയും പ്രതിഷേധകരെ കൂട്ടമായി അറസ്റ്റ് ചെയ്ത് നീക്കുകയാണ്. കര്‍ണാടകയിലെയും ഹൈദെരാബാദിലെയും പ്രതിഷേധകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമിയ മിലിയ വിദ്യാര്‍ത്ഥികളാണ് ചെങ്കോട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Post a Comment

0 Comments