അസ്സം ബി.ജെ.പിയില്‍ പൊട്ടിത്തെറി; 12 എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടു



ഗുവഹാട്ടി: പൗരത്വ നിയമ ഭേദഗതി നിയമത്തെത്തുടര്‍ന്ന്അസ്സം ബി.ജെ.പിയില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. നിയമം പാസാക്കിയതിനെത്തുടര്‍ന്ന് അസ്സമിലുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 12 ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാളിനെ കണ്ടു. അസ്സമിന്റെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് ജനങ്ങളെ അറിയിക്കണമെന്നും എം.എല്‍.എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പത്മ ഹസാരികയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. അസ്സമീസ് ജനതയെ എങ്ങനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പത്മ ഹസാരിക വ്യക്തമാക്കി. പ്രധാനമന്ത്രിയെ കാണാനും സംസ്ഥാനത്തെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
'അസ്സമിലെ ജനങ്ങള്‍ ഭയത്തിലാണ്, ഞങ്ങളും. പ്രതിഷേധം ആരംഭിച്ച് എട്ട് ദിവസമായി. ഞങ്ങളുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല.' ദിബ്രുഗഢില്‍ നിന്നുള്ള ബിജെപി നിയമസഭാംഗം പ്രശാന്ത ഫുകാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വീട് നേരത്തെ പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതി എന്നത് ബി.ജെ.പിയുടെ നയമാണെന്നും അതിനെതിരായി നീങ്ങാനാകില്ലെന്നും എം.എല്‍. എമാര്‍ പറഞ്ഞു. എന്നാല്‍ അസ്സമിലെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനായി മറ്റ് മാര്‍ഗങ്ങളുണ്ട്. 'സിഎഎ പാര്‍ട്ടിയുടെ നയമാണെന്നുംഅത് നിരസിക്കാനുള്ള അവകാശം എനിക്കില്ലെന്നും അറിഞ്ഞുകൊണ്ട് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഞാന്‍ പാര്‍ട്ടി വിട്ടാല്‍ നിയമം റദ്ദാക്കുമെങ്കില്‍ രാജിവെക്കാന്‍ ഞാന്‍ തയ്യാറാണ്.' ഹസാരിക പറഞ്ഞു.

Post a Comment

0 Comments