എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി; പി.ശശി ജില്ലാനേതൃത്വത്തിലേക്ക് മടങ്ങിവരുന്നു


കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന് ചുമതല. പി.ജയരാജന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് ജില്ലാ സെക്രട്ടറിയായി ചുമതല നല്‍കിയത്. ഇന്ന് കണ്ണൂരില്‍ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ പി.ശശി പങ്കെടുത്തു.
അനുഭവസമ്പത്തും അണികള്‍ക്കിടയിലെ സ്വാധീനവും പരിഗണിച്ചാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം എം.വി ജയരാജന് നല്‍കുന്നത്. ഇത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.വി ജയരാജന്‍ മാറുന്ന സാഹചര്യത്തില്‍ ഈ സ്ഥാനം പി.ശശിയ്ക്ക് നല്‍കാനും സാധ്യതയുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയും ഉള്ളവരെ തിരികെയെത്തിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പി.ശശിയ്ക്ക് പെട്ടന്ന് തന്നെ നേതൃത്വത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയൊരുക്കുന്നത്.
ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി.ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. വടകരയില്‍ പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചുമതലയും പി.ശശിയ്ക്ക് നല്‍കിയിട്ടുണ്ട്. 

Post a Comment

0 Comments