ഇത്തവണയും കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി ജില്ലയ്ക്ക് വെളിയില്‍നിന്ന്?


കാസര്‍കോട്: കഴിഞ്ഞ രണ്ടുതവണയും യു.ഡി.എഫിലെ ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ പയറ്റിപരാജയപ്പെട്ട കാസര്‍കോട് പാര്‍ലമെന്റ് സീറ്റില്‍ ഇത്തവണയും ജില്ലയ്ക്ക് വെളിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ കോണ്‍ഗ്രസില്‍ ശ്രമം തുടങ്ങി.
ആഴ്ചകളും ദിവസങ്ങളും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ തയ്യാറാക്കിയ ലിസ്റ്റില്‍ സ്ഥാനം പിടിച്ചത് സുബ്ബയ്യറായിയും എ.പി.അബ്ദുള്ളാകുട്ടിയുമാണ്. സുബ്ബയ്യറായി താമസിക്കുന്നതും ജോലിചെയ്യുന്നതും കര്‍ണാടകയിലാണ്. കാസര്‍കോട് മുന്‍ എം.പി ഐ രാമറൈയുടെ മകന്‍ എന്ന പരിഗണനയാണ് സുബ്ബയ്യറായിയെ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കുന്നത്. സുബ്ബയ്യറായിയെ രംഗത്തിറക്കിയാല്‍ കാസര്‍കോടിന് വടക്കന്‍ മേഖലകളിലെ കര്‍ണ്ണാടക വോട്ടുകള്‍ ഒന്നാകെ കോരിയെടുക്കാമെന്നാണ് നേതാക്കള്‍ ഇതിനുനല്‍കുന്ന വിശദീകരണം. അതേസമയം ഈസ്റ്റ് എളേരിയും കല്ല്യാശ്ശേരിയും എവിടെയാണെന്ന് ചോദിച്ചാല്‍ അത് തമിഴ്‌നാട്ടിലാണെന്നാവും സുബ്ബയ്യന്റെ മറുപടി.
മഞ്ചേശ്വരം മുതല്‍ കല്യാശ്ശേരിവരെ നീണ്ടുകിടക്കുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലവുമായി അത്രയ്ക്കാണ് സുബ്ബയ്യന്റെ ബന്ധം. കാഞ്ഞങ്ങാട്ടോ നീലേശ്വരത്തെ ചെറുവത്തൂരിലോ തൃക്കരിപ്പൂരിലോ പയ്യന്നൂരിലോ കല്യാശ്ശേരിയിലോ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു പരിപാടിയിലും സുബ്ബയ്യന്‍ സംഘടനാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങുകയോ വേദിയില്‍ മുഖംകാണിക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. എന്നാല്‍ എ.പി.അബ്ദുള്ളാകുട്ടിക്ക് കണ്ണൂര്‍, കാസര്‍കോട് ജില്ലകളുമായി ബന്ധമുണ്ട്. അബ്ദുള്ളാകുട്ടി കണ്ണൂരില്‍ എം.പിയും എം.എല്‍.എയുമായിരുന്നു. തന്നെയുമല്ല കേരളജനത അറിയുന്ന പേരാണ് എ.പി.അബ്ദുള്ളകുട്ടിയെന്നത്. 

Post a Comment

0 Comments