വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടിന്റെ സ്വപ്നപദ്ധതി പാതിവഴിയില്‍


കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫിന്റെ സ്വപ്‌ന പദ്ധതിയായ ട്രേഡേഴ്‌സ് ഫാമിലി ബെനഫിറ്റ് സ്‌കീം പാതിവഴിയില്‍.
മരണപ്പെടുന്ന വ്യാപാരിയുടെ കുടുംബത്തിന് അടിയന്തിരമായി അഞ്ചുലക്ഷം രൂപ സഹായം നല്‍കുന്ന പദ്ധതിയാണ് ട്രേഡേഴ്‌സ് ഫാമിലി ബെനഫിറ്റ് സ്‌കീം. പദ്ധതി പ്രഖ്യാപനത്തിന് ശേഷം സ്‌കീമില്‍ ചേര്‍ന്ന അഞ്ച് വ്യാപാരികള്‍ മരണപ്പെട്ടു. ഏറെ പണിപ്പെട്ടിട്ടും ഇതേവരെ മൂന്നുവ്യാപാരികളുടെ കുടുംബങ്ങള്‍ക്കാണ് അഞ്ച് ലക്ഷം രൂപാവീതം നല്‍കിയത്. മറ്റ് രണ്ട് വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് ആഴ്ചകള്‍ കഴിഞ്ഞിട്ടും പണം നല്‍കിയില്ല. 13000 വ്യാപാരികളാണ് ജില്ലയില്‍ ഏകോപന സമിതിയിലുള്ളത്. ഇതില്‍ 2500 പേര്‍ മാത്രമാണ് ഇതുവരെ സ്‌കീമില്‍ ചേര്‍ന്നത്. 5000 വ്യാപാരികളെങ്കിലും പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ പദ്ധതി മുമ്പോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. 1200 അംഗങ്ങളുള്ള കാഞ്ഞങ്ങാട് യൂണിറ്റില്‍ നിന്നും ഒരാള്‍ പോലും ട്രേഡേഴ്‌സ് ഫാമിലി ബെനഫിറ്റ് സ്‌കീമില്‍ അംഗമായില്ല. അഹമ്മദ് ഷെരീഫിന് ജില്ലയില്‍ ഏറ്റവും സ്വാധീനമുള്ള നീലേശ്വരം യൂണിറ്റില്‍ നിന്നും 105 പേര്‍ മാത്രമാണ് പദ്ധതിയില്‍ ചേര്‍ന്നത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നീലേശ്വരം യൂണിറ്റില്‍ അറുന്നൂറിന് മുകളില്‍ അംഗങ്ങളുണ്ട്. ജില്ലയില്‍ ചെറിയ യൂണിറ്റുകളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നത് തൃക്കരിപ്പൂരിലാണ്. 87 യൂണിറ്റുകളാണ് ഏകോപന സമിതിക്ക് ജില്ലയിലുള്ളത്. ഇതില്‍ പകുതിപോലും ട്രേഡേഴ്‌സ് ഫാമിലി ബെനഫിറ്റ് സ്‌കീമുമായി സഹകരിക്കുന്നില്ല. ഷെരീഫും കൂട്ടരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വ്യാപാരികള്‍ പദ്ധതിയില്‍ അംഗത്വമെടുക്കാത്തത് പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമായി. പദ്ധതിയില്‍ അംഗമായ 2500 വ്യാപാരികളില്‍ 2000 അംഗങ്ങളും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ചിലര്‍ ഭാര്യമാരേയും പദ്ധതിയില്‍ അംഗങ്ങളാക്കി. മലയോര മേഖലകളിലെ യൂണിറ്റുകള്‍ കാര്യമായി പദ്ധതിയുമായി സഹകരിക്കുന്നില്ല. രണ്ട് മാസം കൊണ്ട് അഞ്ച് വ്യാപാരികള്‍ മരണപ്പെട്ടത് അസോസിയേഷന്‍ ഭാരവാഹികളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചിട്ടുണ്ട്. മരണപ്പെട്ട മൂന്നുവ്യാപാരികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപാവീതം നല്‍കിയസ്ഥിതിക്ക് ഇനിയും മരണപ്പെടുന്ന വ്യാപാരികളുടെ കുടുംബത്തിന് പണം നല്‍കാതിരിക്കാന്‍ കഴിയില്ല. ജൂണില്‍ നടക്കുന്ന ഏകോപന സമിതിയില്‍ ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പ് വരെ ഇനി വ്യാപാരികള്‍ മരിക്കല്ലേ എന്നാണ് ഷെരീഫ് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നത്.
കഴിഞ്ഞ ദിവസം ഉംറ നിര്‍വ്വഹിക്കാന്‍ പുറപ്പെട്ട അഹമ്മദ് ഷെരീഫ് മക്കയിലും മദീനയിലുമെത്തി വ്യാപാരികള്‍ക്ക് ദീര്‍ഘായുസ്സ് നല്‍ക ണേ എന്നായിരിക്കും മുഖ്യമായും പ്രാര്‍ത്ഥിക്കുക. 

Post a Comment

0 Comments